Monday, December 17, 2012

ഗള്‍ഫ്‌ ജീവിതം പത്താം ഭാഗം




                                                     ( മനസ്സില്‍ ലഡ്ഡു പൊട്ടി )


അങ്ങനെ ഒരു പ്രൊജക്റ്റ്‌ വിജയകരമായി തീര്‍ത്തത് കൊണ്ട് തന്നെ അടുത്ത പ്രോജെക്റ്റിനും എന്റെ പേര് തന്നെ മുന്നോട്ടു വന്നു . ബോസ്സ് എന്നെ വിളിച്ചു പറഞ്ഞു നീ തന്നെ പോണം സൈറ്റിന്റെ പേര് കേട്ട് ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ...മനസ്സില്‍ പൊട്ടിയ ലഡ്ഡുവിനു എണ്ണം ഇല്ലായിരുന്നു ...വേറെ എവിടെയും അല്ല IBRA HIGHER COLLEGE OF TECHNOLOGY ,, അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇതിനു ഇത്ര സന്തോഷിക്കാന്‍ എന്താണ് കാര്യം എന്ന് ,, കാര്യം ഉണ്ട് ....
ആ കോളേജില്‍ ഒരിക്കല്‍ ഞാന്‍ സൈറ്റ് കാണാന്‍ പോയിട്ടുണ്ട്,, തരുണി മണികളായ അല്ലെങ്കില്‍ സുന്ദരികളായ ഒമാനി പെണ്‍കുട്ടികള്‍ ഒരു ദയാ ദാക്ഷണ്യവും ഇല്ലാതെ ഉല്ലസിക്കുന്ന സ്ഥലം .. നാട്ടില്‍ മഴയത് പോലും ഞാന്‍ ഒരു കോളേജില്‍ പോയിട്ടില്ല ( ഞാനൊക്കെ പാരലല്‍ കോളെജ് കേസ് കേട്ടായിരുന്നു ) അത് കൊണ്ട് തന്നെ എനിക്കത് സന്തോഷം പകരുന്ന വാര്‍ത്ത ആയിരുന്നു .. നൂറു ശതമാനം സന്തോഷത്തോടെ ഞാന്‍ സമ്മതം മൂളി .

എന്റെ ജോലിക്കാരും ആയി ഞാന്‍ ഇബ്രയിലേക്ക് പുറപ്പെട്ടു .. അവിടെ എത്തി ആദ്യത്തെ ഉദ്യമം ഒരു വീട് കണ്ടു പിടിക്കല്‍ ആയിരുന്നു . കുറെ കറങ്ങിയത്തിനു ശേഷം ഒരു ഫ്ലാറ്റ് കിട്ടി , അന്നത്തെ ദിവസം റസ്റ്റ്‌ ആയിരുന്നു . സിറ്റിയില്‍ കറങ്ങി നടന്ന ഞങ്ങള്‍ക്ക് ഇബ്ര അക്ഷരാര്‍ത്ഥത്തില്‍ DOG FOREST ആയിരുന്നു . പാചകത്തിന് വിട ഈ സൈറ്റ് തീരുന്നത് വരെ ആഹാരം ഹോട്ടലില്‍ നിന്ന് , അവിടെ ഒരു മലയാളി ഹോട്ടലില്‍ മാസ കണക്കില്‍ ഞങ്ങള്‍ മെസ്സ് ചേര്‍ന്ന് . എന്റെ കയ്യില്‍ അപ്പോള്‍ ഉണ്ടായിരുന്നത് പിക്ക്‌ അപ്പ്‌ ആയിരുന്നു ..അന്നത്തെ ദിവസം പിറ്റെന്നുള്ള നയന മനോഹരമായ കാഴ്ചകളെ പറ്റി സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി ..

പിറ്റേന്ന് നേരം വെളുത്തു കുളിച്ചു കുട്ടപ്പനായി ഞാനും എന്റെ ജോലിക്കാരും കൂടെ സൈറ്റിലേക്ക് പുറപ്പെട്ടു . കോളേജ് എന്ന് പറഞ്ഞാല്‍ സാമാന്യം വലിയ ഒരു കോളേജ് . അവിടെയുള്ള കുട്ടികള്‍ക്ക് വാഹനം അകത്തു അനുവദനീയമല്ല . പക്ഷെ എന്റെ വാഹനത്തിനു അകത്തു പോകാനുള്ള പെര്‍മിഷന്‍ ഉണ്ട് എവിടെയും ഏതു സമയത്തും കോളേജിനകത്ത് വണ്ടിയുമായി കറങ്ങാം . ഭാഗ്യം എന്ന് പറയട്ടെ ഞങ്ങള്‍ക്ക് രണ്ടു സൈറ്റ് ഉണ്ടായിരുന്നു , ഒന്ന് കോളേജിനു മുന്നിലും ഒന്ന് പിന്നിലും ഇത് തമ്മില്‍ നല്ല ദൂരമുള്ളത് കൊണ്ട് എന്റെ വണ്ടിയിലാണ് ഞാന്‍ ഒരു സൈറ്റില്‍ നിന്ന് മറു സൈറ്റിലേക്ക് പോയ്കൊണ്ടിരുന്നത് ..

 എന്റെ പിക്ക്‌ അപ്പിന്റെ ഡോറില്‍ AMERICAN STEEL BUILDINGS COMPANY LLC OMAN എന്ന് എഴുതിയിട്ടുണ്ടായിരുന്നു . കാണുന്നവര്‍ വിചാരിക്കും ഏതോ അമേരിക്കന്‍ കമ്പനി ആണെന്ന് കുറഞ്ഞത് ഒരു അഞ്ഞൂറ് റിയാലെങ്കിലും ശമ്പളം കാണുമെന്ന് .. എനിക്ക് നൂറ്റി അന്‍പതും കഞ്ഞിയുമെന്നു എനിക്കല്ലേ അറിയാവൂ .പെണ്‍കുട്ടികള്‍ സ്ഥിരം ഇരിക്കുന്നതിന്റെ(പാര്‍ക്ക്‌ )മുന്നിലൂടെയാണ് എന്റെ യാത്ര അവര്‍ ആദ്യം നോക്കുന്നത് കമ്പനിയുടെ പേര് ആണ് പിന്നെയാണ് എന്നെ നോക്കുന്നത് ..

അവിടുത്തെ ഡീനിന്റെ സെക്രെട്ടറി ഒരു ഒമാനി പെണ്‍കുട്ടി ആയിരുന്നു എനിക്ക് കമ്പനിയില്‍ നിന്ന് വരുന്ന ഫാക്സുകള്‍ അവളുടെ അടുത്താണ് വരുന്നത് . അവള്‍ അത് ആരുടെയെങ്കിലും കയ്യില്‍ എന്റെ അടുത്ത് കൊടുത്തു വിടും .. ഒരു ദിവസം ഞാന്‍ ഒരു ഫാക്സ് അയക്കാനായി അവളുടെ ഓഫീസിലേക്ക് ചെന്നു. എന്നിട്ട് ഇന്ഗ്ലീഷില്‍ പറഞ്ഞു എനിക്കൊരു ഫാക്സ് അയക്കണം കലികാലം നോക്കണേ അവള്‍ക്കും ഒരു അസിസ്റ്റന്റ്‌ അതൊരു ഒമാനി പയ്യനായിരുന്നു , ഉടന്‍ അവള്‍ അവനോടു അറബില്‍ പറഞ്ഞു “ കുല്‍ ഉവ്വ മ ഇഗ്ദാര്‍ ഇര്സല്‍ ഇലല്‍ ദവ്ലിയ “ അവനോടു (അതായത് എന്നോട് ) പറ ഇന്റര്‍നാഷണല്‍ ആണെങ്കില്‍ പറ്റില്ലാന്നു , അത് കേട്ട ഞാന്‍ അവളോട്‌ അറബില്‍ പറഞ്ഞു അല്ല .
“ ലാ ഹാഥ മാ ദാവ്ളി ഫക്കത് ഇലല്‍ മസ്കത് “ (ഇത് അന്താരാഷ്ട്രമല്ല ഇവിടെ മസ്കറ്റിലേക്ക് മാത്രമാണെന്ന് ).. അവള്‍ ഷോക്കടിച്ചത് പോലെയായി . ഒരു വളിച്ച ചിരിയും ചിരിച്ചിട്ട് ചോദിച്ചു “ഇന്ത അറഫ് അറബി “ (നിനക്ക് അറബി അറിയാമോ “ഞാന്‍ പറഞ്ഞു ശുയെ (കുറച്ചു ). എന്തായാലും ആ ഒരു സംഭവത്തോടെ അവളുമായി നല്ല ചങ്ങാത്തത്തിലായി പിന്നീട് ഞാന്‍ ഫാക്സ് അയക്കാന്‍ ചെന്നാല്‍ അവള്‍ പറയും നീ തന്നെ അയച്ചോ .. അങ്ങനെ മനോഹരമായ കുറച്ചു ദിവസങ്ങള്‍ അവിടെ കഴിഞ്ഞു . ഒരു ദിവസം ജോലി കഴിഞ്ഞു തിരകെ പോകുകയായിരുന്ന എന്നെ പോലീസ് പിടിച്ചു.


തുടരും...

 

No comments:

Post a Comment