Tuesday, June 26, 2012

ഗള്‍ഫ് ജീവിതവും ലൈസെന്‍സും അഞ്ചാം ഭാഗം

ഞങ്ങളുടെ കമ്പനിയുടെ പ്രധാന ജോലി പരസ്യ ബോഡുകള്‍ ഉണ്ടാക്കി പരസ്യം പതിക്കല്‍ ആയിരുന്നു .. ഒമാനിലെ ഏറ്റവും വലിയ പരസ്യ ബോര്‍ഡുകള്‍ ഉണ്ടാക്കിയിരുന്നത് ഞങ്ങള്‍ ആയിരുന്നു.
മസ്ക്കറ്റില്‍ നിന്ന് നാനൂറു കിലോമീറ്റര്‍ അകലെ ദുബായി വജാജ ബോര്‍ഡര്‍ വരെ ഞങ്ങള്‍ക്ക് ബോഡുകള്‍ ഉണ്ടായിരുന്നു ,,പക്ഷെ ഏതു മോഡല്‍ ബോര്‍ഡ്‌ എവിടെ എത്ര കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ട് എന്ന് കൃത്യമായി പറയാന്‍ കമ്പനി മാനെജര്‍ക്കോ ഫോര്‍മാനോ സാധ്യമായിരുന്നില്ല ... ഓരോ സ്ഥലങ്ങളിലും ചെന്ന് ഫോണ്‍ ചെയ്തു ചോദിച്ചതിനു ശേഷമാണ് ബോര്‍ഡുകള്‍ ഫിക്സ് ചെയ്തു പരസ്യം പതിചിരുന്നത് ,,അത് പലപ്പോഴും തെറ്റുകയും ചെയ്തിട്ടുണ്ട് ..ഏതൊക്കെ ബോര്‍ഡുകളില്‍ ലൈറ്റ്‌ ഉണ്ട് ,എവിടെയൊക്കെ രണ്ടു വശങ്ങളില്‍ ബോര്‍ഡ്‌ ഉണ്ട് എന്നെല്ലാം കൃത്യമായി ഉണ്ടായിരുന്നില്ല ..


സാധാരണ അത്രയും ദൂരം യാത്ര ചെയ്യുന്നതിനാല്‍ വണ്ടിയില്‍ കയറി അര മണിക്കൂറിനകം എല്ലാരും ഉറക്കം ആരംഭിക്കും ..ഒരു ദിവസം ഞാന്‍ ഉറങ്ങാതെ ഒരു സ്ടാര്ട്ടിംഗ് പോയിന്റ് രേഖപെടുത്തി വണ്ടിയിലെ ട്രിപ്പ്‌ മീറ്റര്‍ പൂജ്യം ആക്കി ഉറങ്ങാതെ ഓരോ ബോര്‍ഡുകളുടെയും കാര്യങ്ങള്‍ എഴുതി എടുത്തു എവിടെ ലൈറ്റ്‌ ഉണ്ട് ?എവിടെ ഇല്ല? എവിടെ പരസ്യം ഉണ്ട്? ഒരു ബോര്‍ഡു കഴിഞ്ഞാല്‍ അടുത്ത ബോര്‍ഡു എത്താന്‍ എത്ര ദൂരം? അങ്ങനെ എല്ലാം ഒരു പേപ്പറില്‍ എഴുതി എടുത്ത ശേഷം ജോലികള്‍ കഴിഞ്ഞു തിരികെ മസ്കറ്റില്‍ എത്തി ,,

ഞങ്ങളുടെ ജോലി സമയം 7am to 12 pm 1 pm to 4 pm ഡ്യൂട്ടി കഴിഞ്ഞ ശേഷം കവരോള്‍ അലക്കി കുളിച്ചു ഫ്രഷ്‌ ആയി റൂമില്‍ ഇരുന്നു പണി തുടങ്ങും .. പെന്‍സിലും സ്കെയിലും ഉപയോഗിച്ച് വൃത്തിയായി ഓരോ റൌണ്ട് എബൌട്ടുകള്‍ സഹിതം വെള്ള പേപ്പറില്‍ വരച്ചു ഉണ്ടാക്കി ...മാത്രമല്ല കൃത്യമായ ഒരു വിവരണം വേറെയും ..മൂന്നു റൂട്ടിലായി ഉള്ള ബോര്‍ഡുകള്‍ വരച്ചു കഴിഞ്ഞപ്പോള്‍ അത് കുറെ ദിവസങ്ങളും എടുത്തു ഒരുപാട് പേപ്പറുകളും ഉണ്ടായിരുന്നു .. ഒടുവില്‍ ഏറ്റവും അടിയില്‍ തയ്യാറാക്കിയത് ഞാന്‍ എന്ന് എഴുതി എന്റെ പേരും ഒപ്പും വെച്ച് ഞങ്ങളുടെ സീനിയര്‍ ഫോര്‍മാന് കൊടുത്തു ..


 കുറെ ദിവസങ്ങള്‍ക്ക് ശേഷം ഫോര്‍മാന്‍ എന്നെ ഫാക്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു ഞാന്‍ കൊടുത്ത പേപ്പറുകളില്‍ എന്തോ സംശയം ചോദിയ്ക്കാന്‍ ..... അവസാനത്തെ പേപ്പര്‍ ഒന്ന് മറിച്ചു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി ..എന്റെ പേര് വെട്ടി പകരം അയാളുടെ പേര് എഴുതി ഇരിക്കുന്നു ...ഞാന്‍ ഒന്നും പറഞ്ഞില്ല എനിക്ക് പരിചയം ഉള്ള ഒരു ചേട്ടന്‍ ആയിരുന്നു ഞങ്ങളുടെ മാഡത്തിന്റെ ഓഫീസ്‌ ബോയ്‌ ..സെക്രട്ടറി ഒരു പാകിസ്ഥാനി യുവതിയും ... ഞാന്‍ അപ്പൊ തന്നെ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു ...അപ്പൊ ആ ചേട്ടന്‍ പറഞ്ഞു അതിവിടെ വന്നു പോയതാണ് അവന്‍ അല്ല അത് ചെയ്തത് എന്ന് മനസ്സിലായി പക്ഷെ ആരാണ് എന്ന് മനസ്സിലായില്ലായിരുന്നു ,,അത് സെക്രട്ടറിയോട് പറയുകയും അത് വഴി മാഡം അറിയുകയും ചെയ്തു ..അത് കൊണ്ടായിരിക്കാം ഒരു ഗ്രൂപ്‌ ഓഫ് കമ്പനീസില്‍ പുറത്തെ വിസക്കാരനായി ഉണ്ടായിരുന്നത് ഒരേ ഒരാള്‍ ആയിരുന്നു അത് വേറെ ആരുമല്ല ഞാന്‍ തന്നെയാണ് ..


ആ ഇടക്കാണ് ഒമാന്‍ സര്‍ക്കാര്‍ രാജ്യത്തിന് പുറത്തേക്കും അകത്തേക്കും പോകുന്ന വണ്ടികള്‍ക്ക് ടോള്‍ ഏര്‍പ്പടുതിയത് ..അത് പിരിച്ചു കൊടുക്കുന്ന ജോലി ഞങ്ങളുടെ കമ്പനി ഏറ്റെടുത്തു ..അതിനെക്കുറിച്ചുള്ള ഒരു ബോര്‍ഡു വെക്കുന്നതിനായി ഞങ്ങള്‍ ദുബായി ബോര്‍ഡറിലേക്ക് പോയി ... വലിയ ഉത്സാഹത്തോടെ കുഴി എടുക്കാനായി വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങിയ ഞങ്ങള്‍ ആദ്യത്തെ വെട്ടു വെട്ടിയപ്പോള്‍ തന്നെ മുഖത്തോട് മുഖം നോക്കി ... ആ സ്ഥലം പാറ പോലെ ഉറച്ചതായിരുന്നു ,,അവിടുത്തെ ഭൂമിയെ കുറിച്ച് അറിയാതിരുന്നതിനാല്‍ ഞങ്ങള്‍ മഷീനുകള്‍ എടുത്തിരുന്നില്ല ..കൈ കൊണ്ട് കുഴിക്കുന്ന ആയുധങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ ഇനി മഷീന്‍ പോയി എടുക്കണം എങ്കില്‍ നാനൂറു കിലോമീട്ടെരോളം തിരികെ മസ്ക്കറ്റില്‍ പോയി എടുക്കണം ... ഞങ്ങളുടെ എല്ലാരുടെയും മനസ്സ് മടിച്ചു പോയി ... ഡ്രൈവര്‍ അപ്പോഴേക്കും ആഹാരം വാങ്ങാന്‍ പോയി ഫോര്‍മാന്‍ ഒരു സിഡില്‍ ഇരുന്നു നോക്കി കൊണ്ടിരുന്നു ..



പിന്നെ ആകെ ഉള്ള നേരം പോക്ക് ബോര്‍ഡര്‍ ചെക്കിംഗ് കഴിയാനായി നിരന്നു കിടക്കുന്ന വണ്ടികളിലെ തരുണി മണികള്‍ മാത്രമായിരുന്നു ..ചിലര്‍ വണ്ടിക്കു പുറത്തിറങ്ങി നിന്നു ... എന്താന്നു അറിയില്ല അവരെ കാണുമ്പോള്‍ വെട്ടിന്റെ ശക്തി കൂടും ഒരു അഞ്ചു വെട്ടു വെട്ടുമ്പോള്‍ ഒരു ഉരുള പാറ പൊട്ടും അങ്ങനെ ഉച്ചക്ക് തുടങ്ങിയ പണി വെളുപ്പാന്‍ രാവിലെ ആയിട്ടും തീരുന്നില്ല ..ഇതിനിടക്ക്‌ അവിടെ ഉള്ള ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു “ഇന്ത മജ്നൂന്‍ ലേഷ് മാഫി ഗീബ്‌ മക്കീനാത്ത് .. കൈഫ്‌ സവ്വി ഹോഫ്ര ബിധുന്‍ മക്കീന “ (നിങ്ങള്ക്ക് വട്ടുണ്ടോ എന്താ മഷീനുകള്‍ കൊണ്ട് വരാതിരുന്നത് വെറും കയ്യ് കൊണ്ട് എങ്ങനെ ഇവിടെ കുഴി എടുക്കും ).. വേറെ പോം വഴി ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ വെട്ടു തുടന്ന് കൊണ്ടിരുന്നു വെറും രണ്ടു മണികൂര്‍ കൊണ്ട് പതിമൂന്നു മണിക്കൂര്‍ ആയിട്ടും തീരുന്നില്ല സമയം രാവിലെ നാല് മണി അളവ് നോക്കിയപ്പോള്‍ ഇനിയും വേണം പത്തു സെന്റിമീറ്റര്‍ ..അത്ര കുഴിക്കണം എങ്കില്‍ ഇനിയും വേണം മൂന്നു മണിക്കൂര്‍ ..ഞങ്ങളുടെ എല്ലാം കൈ പൊട്ടി കൂടുതല്‍ വെട്ടാന്‍ പറ്റാത്ത അവസ്ഥ ആയി ..ഒടുവില്‍ കുഴിക്കു നാല് ഭാഗത്തും പത്തു സെന്റി കനത്തില്‍ മണ്ണ് പൊക്കി വെച്ചിട്ട് ഫോര്മാനെ വിളിച്ചു അളന്നു നോക്കാന്‍ പറഞ്ഞു ...ഉറക്ക ചടവില്‍ ആയിരുന്ന ആ മിസ്രി ഓക്കേ പറഞ്ഞു ..ഞങ്ങള്‍ താമസ സ്ഥലത്തേക്ക് പോയി ..ഒന്ന് കിടന്നു ഒരു മണിക്കൂര്‍ മയങ്ങിയപ്പോള്‍ ഫോര്മാന്റെ വിളി യാല്ലാഹ കും (എഴുനെല്‍ക്ക് )... കൊണ്ക്രീറ്റ്‌ വന്നിട്ടുണ്ട് അങ്ങോട്ട്‌ വേണ്ടും പോണം . മനസ്സില്‍ ആരെയൊക്കെയോ ശപിച്ചു കൊണ്ട് വീണ്ടും വണ്ടിയില്‍ കയറി ഇരുന്നു ..

കൊണ്ക്രീറ്റ്‌ കഴിഞ്ഞു അന്ന് രാത്രി എന്നെ പാകിസ്ഥാനി ഡ്രൈവറിനൊപ്പം മസ്ക്കറ്റിലേക്ക് പോകാന്‍ പറഞ്ഞു ..അങ്ങനെ ഞാനും അയാളും കൂടി ഒരു ഏഴു ടെന്നിന്റെ വണ്ടിയില്‍ മസ്ക്കറ്റിലേക്ക് പുറപ്പെട്ടു ..കുറച്ചു കഴിഞ്ഞു അയാള്‍ ദൂരെ കൈ ചൂണ്ടി പറഞ്ഞു നമുക്ക് അവിടെ നിന്ന് ഭക്ഷണം കഴിക്കാം ഞാന്‍ ശേരി എന്ന് സമ്മതിച്ചു ..പക്ഷെ ആ ഹോട്ടലും കഴിഞ്ഞു കുറെ മുന്നോട്ടു പോയി ആണ് വണ്ടി നിന്നത് ..കാര്യം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു ഇതില്‍ ബ്രേക്ക്‌ കുറവാണ് ..ഞാന്‍ ചോദിച്ചു എന്നാല്‍ യാത്ര മാറ്റിവെച്ചൂടെ ..അയാള്‍ പറഞ്ഞു ഇല്ല എനിക്ക് മസ്ക്കറ്റില്‍ എത്തിയിട്ട് അത്യാവശ്യം ഉണ്ട് ..അപ്പോഴേക്കും അയാള്‍ ഓര്‍ഡര്‍ ചെയ്യ്ത രണ്ടു കടായിയും തന്തൂരി റൊട്ടിയും വന്നു ... ആഹാരം കഴിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഞാന്‍ അന്ന് ഭക്ഷണം താഴേക്കു ഇറങ്ങാതെ വിഷമിച്ചു ...ബ്രേക്ക്‌ ഇല്ലാത്തതു ഒരു വലിയ സംഭവം അല്ലാ എന്നുള്ള മട്ടില്‍ അയാള്‍ ആസ്വദിച്ചു കഴിച്ചു ..

അത് കഴിഞ്ഞു വണ്ടിയില്‍ കയറിയ എന്നോട് അയാള്‍ ചോദിച്ചു ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയാമോ ഞാന്‍ പറഞ്ഞു അറിയാം എന്നാ ഓതിക്കോ ... അറിഞ്ഞു കൊണ്ട് മരിക്കാന്‍ പോകുകയാണ് എന്ന് തോന്നി ..ബ്രേക്ക് ഇല്ലെങ്കിലും സ്പീഡ്‌ നൂറിനു മുകളില്‍ ആയിരുന്നു ഒരു വളവു തിരിഞ്ഞത് തൊട്ടു മുന്നില്‍ ഒരു ട്രൈലെര്‍ പടച്ചവനെ രക്ഷിക്കണേ ,,,മരണം മനസ്സില്‍ കണ്ട സമയം ....

തുടരും ...



Saturday, June 23, 2012

ഗള്‍ഫ്‌ ജീവിതവും ലൈസെന്‍സും നാലാം ഭാഗം ..




അങ്ങനെ ചില്ലറ പ്രശ്നങ്ങളും പാരവേയ്പുകളും നേരിട്ട് എന്റെ ജീവിതം അങ്ങനെ പൊയ്കൊണ്ടിരിക്കുകയായിരുന്നു ,, ഞങ്ങളുടെ കമ്പനിക്കു മാര്‍ബിള്‍ ഫാക്ടറിയും സ്വന്തമായി ഗ്രാനൈറ്റ്‌ മലയും ഉണ്ടായിരുന്നു . ഒമാനില്‍ ഇബ്രി എന്നാ സ്ഥലത്ത് ആണ് മല ഉള്ളത് ,

അങ്ങനെ ഇരിക്കെ ഞങ്ങളുടെ സെക്ഷനിലേക്ക് ഒരു അര്‍ജെന്റ്റ് ഫാക്സ് വന്നു ഒരു ഗ്യാസ് കട്ടറെ ഉടന്‍ മലയിലേക്കു അയക്കണമെന്ന് , ഞാന്‍ ആണെങ്കില്‍ ഇത് മസ്കറ്റില്‍ എത്തിയ ശേഷമാണു കുറച്ചു പഠിച്ചത് . ഞങ്ങള്‍ക്ക് അപ്പോള്‍ പണി കൂടുതലായിരുന്നതിനാല്‍ മെയിന്‍ ഗ്യാസ് കട്ടറെ അയക്കാന്‍ പറ്റില്ലായിരുന്നു , ഒടുവില്‍ മാനേജര്‍ എന്നെ വിളിച്ചിട്ട് പോകണം എന്ന് പറഞ്ഞു . മസ്കറ്റില്‍ നിന്ന് ഇരുന്നൂറു കിലോമീട്ടെരില്‍ കൂടുതല്‍ ഉണ്ട് ഇബ്രി എന്നാ ഒരു ചെറു പട്ടണത്തിലേക്ക് , അവിടെ കമ്പനിക്കു ഒരു വീടുണ്ട് ജോലിക്കാര്‍ക്ക് താമസിക്കാന്‍ ,,, അവിടെ നിന്നും പിന്നെയും 100 കിലോമീറ്റര്‍ പോകണം മലയിലേക്കു ..

ഞാന്‍ മനജെരോട് പറഞ്ഞു എനിക്ക് കൂടുതല്‍ അറിയില്ല അയാള്‍ പറഞ്ഞു പോയി നോകിയിട്ടു പറ്റില്ലെങ്കില്‍ തിരിച്ചു വാ എന്ന് ... അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല കാരണം നാളത്തെ ജോലിയെ കുറിച്ച് ഓര്‍ത്തിട്ടു തന്നെ ,,,



 അങ്ങനെ പിറ്റേന്ന് രാവിലെ എനിക്ക് പോകാനുള്ള വണ്ടി റെഡി ആയി പാകിസ്തനിയാണ് ഡ്രൈവര്‍. കൂടെ മാര്‍ബിള്‍ ഫാക്ടറിയുടെ സൂപ്പെര്‍ വ്യ്സരും .. എന്നെ കണ്ടതും അയാളുടെ മുഖം ഇഞ്ചി കടിച്ചത് പോലെയായി . കാരണം അയാള്‍ അപ്പോള്‍ തന്നെ ഉറപ്പിച്ചു എന്ന് തോന്നുന്നു ഇവനെയും കൊണ്ടുള്ള യാത്ര വേസ്റ്റ് ആണെന്ന് ..

സാധാരണ എന്തെങ്കിലും ചോദിക്കാറുള്ള അയാള്‍ അന്ന് എന്റടുത്തു ഒന്നും മിണ്ടിയില്ല .. ഞങ്ങള്‍ യാത്ര തുടര്‍ന്ന് ,, നല്ല ചൂടുള്ള ഒരു ജൂണ്‍ മാസം ആയിരുന്നു അത് ,,, വണ്ടിയില്‍ എ സി ഉള്ളത് കൊണ്ട് യാത്ര ദുഷ്കരം ആയില്ല .. മലയില്‍ എത്തി ഞാന്‍ ഡ്രസ്സ്‌ മാറി ഗ്യാസ് കണക്റ്റ് ചെയ്തപ്പോള്‍ സൂപ്പര്‍ വൈസര്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു ഇവന് കുറച്ചെങ്കിലും അറിയാമെന്നു ,, അപ്പോള്‍ അയാള്‍ വന്നു വിഷ് ചെയ്തു പറഞ്ഞു എത്രയും പെട്ടന്ന് തീര്‍ക്കണം ഓവര്‍ ടൈം കമ്പനി തന്നില്ലെങ്കില്‍ ഞാന്‍ എന്റെ പോക്കറ്റില്‍ നിന്ന് തരാം ,,ആ സമയം ഞങ്ങളുടെ കമ്പനിക്ക് ഓവര്‍ ടൈം ശമ്പളം തരില്ലായിരുന്നു ..പണി കൂടുതല്‍ ചെയ്‌താല്‍ എട്ടു മണിക്കൂര്‍ തികയുമ്പോള്‍ ഒരു ദിവസം അവധി തരും അല്ലാതെ പൈസ തരില്ല ( ഞാന്‍ മനസ്സില്‍ പറഞ്ഞു ഒരു ചിക്കന്‍ ബിരിയാണി വാങ്ങിത്തന്നിട്ട് പെട്ടന്ന് തീര്‍ക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയുന്ന സമയതിനെക്കളും ഞാന്‍ തീര്ത്തെനെ ).

ഞാന്‍ പണി തുടങ്ങി ( പണി ബുല്‍ ടോസരിന്റെ ചെയിന്‍ കട്ട്‌ ചെയ്തു മാറ്റി പുതിയത് ഇടുക എന്നതാണ് ദയവായി ഫോടോ നോക്കുക , ചുമന്ന അടയാളത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് കട്ട്‌ ചെയ്തു മാറ്റേണ്ടത് , മറ്റേതാണ് ഗാസ് കട്ടര്‍ ) അത്ര എളുപ്പമാല്ലതിരുന്നു പണി , ദേഹമാസകലം പൊള്ളി പ്രത്യേകിച്ചു കഴുത്തിന്റെ ഭാഗങ്ങള്‍ ... അന്ന് കുറച്ചു പണി എടുത്തു ഞാന്‍ തിരികെ അവിടുത്തെ കമ്പനിയുടെ താമസ സ്ഥലത്തേക്ക് പോയി പോയി, ഞാന്‍ കരുതി മനജേരെ വിളിച്ചു പറയാം പറ്റില്ല ഞാന്‍ തിരിച്ചു വരികയാണ് എന്ന് . പക്ഷെ അതിനു മുന്‍പ് ഞാന്‍ അവിടെ ഉള്ള പാര വെക്കാത്ത ഒരു ചേട്ടനെ വിളിച്ചു സംസാരിച്ചു അപ്പോള്‍ ചേട്ടന്‍ പറഞ്ഞു നീ പോയത് മുതല്‍ ക്യാമ്പ് മൊത്തം പാട്ടാണ് നിന്നെ കൊണ്ട് പറ്റില്ല , നീ പത്തി മടക്കി തിരിച്ചു വരുമെന്ന് . അത് കൊണ്ട് നിനക്ക് എങ്ങനെയെങ്കിലും പറ്റുമെങ്കില്‍ തീര്‍ത്തിട്ടെ വരാവൂ ഇല്ലെങ്കില്‍ മാനം പോകും .അപ്പോള്‍ തന്നെ ഞാന്‍ മനസ്സിലുറപ്പിച്ചു എങ്ങേന്യെങ്കിലും തീര്‍ത്തിട്ടെ പോകൂ ..



 പിറ്റേന്ന് രാവിലെ ഞാന്‍ പോയി , നേരത്തെ പറഞ്ഞുവല്ലോ ഒരു കട കാണണമെങ്കില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വണ്ടി ഓടണം മലയില്‍ നിന്ന് . മല എന്ന് പറഞ്ഞാല്‍ ജൂണിലെ ചൂട് കൊണ്ട് ചുട്ടു പഴുത്തു കിടക്കുന്നു , ആകെ ഉള്ള സമാധാനം വിമാനം പോകുമ്പോള്‍ ചെറിയ തണല്‍ കിട്ടും അത്ര തന്നെ .. ഞാന്‍ ജോലി തുടങ്ങി ദേഹമാസകലം പോള്ലാന്‍ തുടങ്ങി , ഗ്യാസ് കട്ടിങ്ങിന്റെ ചൂടും , സൂര്യന്റെ ചൂട് , മലയുടെ ചൂട് , പിന്നെ കാറ്റിന്റെ ചൂട് . പടച്ചോനെ കരഞ്ഞു പോയി ,,,


 അങ്ങനെ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ യാദൃശ്ചികമായി ഗ്യാസിലേക്ക് നോക്കി , അതിന്റെ മുകള്‍ ഭാഗത്ത്‌ ( അസട്ലീന്‍ സിലിണ്ടറിന്റെ മുകളില്‍ നിന്ന് തീ കത്തുന്നു , ഞാന്‍ ആദ്യമായാണ് ആ ഒരു അവസ്ഥ നേരിടേണ്ടി വരുന്നത് ,, അഥവാ എന്തെന്കിലുഇമ് സംഭവിച്ചാല്‍; കുറെ ആളുകള്‍ ഒരു ഡോസര്‍ , ഒരു ക്രൈന്‍, ഒരു ട്രെയിലര്‍ ഇത് മൊത്തം ഒറ്റ നിമിഷം കൊണ്ട് ചാമ്പലാകും ...

എന്റെ കയ്യും കാലും വിറച്ചു പോയി ,ഇരുന്നടുത്തു നിന്ന് എനീക്കീന്‍ പറ്റുന്നില്ല .. എങ്കിലും ഒരു വിധത്തില്‍ ഞാന്‍ ഓടി ചെന്ന് ഗ്യാസ് ഓഫ്‌ ചെയ്തു ...എന്റെ നെഞ്ഞിടിപ്പ്‌ കൂടി എന്താ ചെയ്യണം എന്നറിയില്ല .

കൈ കാലുകള്‍ വിറച്ചിട്ടു ഞാന്‍ മലയിലുള്ള ഫോര്മാനോടെ പറഞ്ഞു ഗ്യാസ് തീര്‍ന്നു പോയി എടുത്തോണ്ട് വാ എന്ന് .. അയാള്‍ ചോദിച്ചു തീരാനുള്ള സമയം ആയോ , ഞാ പറഞ്ഞു ആയി , പക്ഷെ എനിക്കറിയമായിരുന്നു തീര്‍ന്നിട്ടില്ല , പക്ഷെ ഇവരെ പറഞ്ഞു വിട്ടാലേ എനിക്ക് കുറച്ചു മനശാന്തി കിട്ടു .. അങ്ങനെ കുറെ തര്‍ക്കിച്ചിട്ടു ച്ചിട്ടു വണ്ടിയും എടുത്തു പോയി ഗ്യാസ് മാറ്റാന്‍



 ഞാന്‍ ഒരു വലിയ ഗ്രനൈറ്റ്‌ കല്ലിന്റെ മുകളില്‍ കയറി കിടന്നു . നെഞ്ച് പൊട്ടി ദൈവത്തെ വിളിച്ചു . പടച്ചവനെ ഇത് നടക്കാതെ വന്നാല്‍ എന്റെ മാനം പോകും , അത് കൊണ്ട് ചെയ്യാനുള്ള ദൈര്യം താന്നു പറഞ്ഞു ..കുറെ കഴിഞ്ഞു ഗ്യാസ് റീഫില്‍ ചെയ്തു വണ്ടി വന്നു , ഞാന്‍ കണക്റ്റ് ചെയ്തു പണി തുടങ്ങി എന്നിട്ട് അവിടുത്തെ ഒരു ജോലിക്കാരനോട് പറഞ്ഞു ഗ്യാസിന്റെ അടുത്ത് നിക്കണം എന്തെങ്കിലും തീ കണ്ടാല്‍ ഉടന്‍ ഉടന്‍ ക്ലോസു ചെയ്യണം . അവന്‍ ഹാപ്പി ആയി കാരണം വേറെ ജോലിയൊന്നും ചെയ്യേണ്ടേ ..അവിടെ നിക്കാന്‍ ആളുകള്‍ തമ്മില്‍ അടിയായി കാരണം വേറെ ജോലി ചെയ്യണ്ടാ ..അത് പൊട്ടിയാലുള്ള അവസ്ഥ അറിയാമെന്കില്‍ അവര്‍ സ്വര്‍ണം കൊടുത്താലും നില്‍ക്കില്ലയിരുന്നു

അങ്ങനെ എന്റെ പുറം പോള്ലാന്‍ ഒരിടവും ബാകി ഉണ്ടായിരുന്നില്ല , പക്ഷെ ഞാന്‍ നാലാം ദിവസം എല്ലാ പണിയും തീര്‍ത്തു . തിരികെ മസ്ക്കറ്റില്‍ വന്നു .. തിരികെ വന്ന ശേഷം കിട്ടിയ അനുഭവം കുതികാല്‍ വെട്ടു ഒരു രാജ്യക്കരന്റെയും കുത്തക അല്ലാന്നു മനസ്സിലാക്കുന്നതായിരുന്നു ...




തുടരും...





ഗള്‍ഫ്‌ ജീവിതം മൂന്നാം ഭാഗം




       ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നത് കൂടെ ഉള്ളവര്‍ക്ക് ഇഷ്ടപെടില്ല എന്നുള്ളത് എന്റെ അനുഭവത്തില്‍ നിന്നുള്ളതാണ് . ഞങ്ങളുടെ കമ്പനിക്കു ഒരു അച്ചടിശാല ‌ ഉണ്ടായിരുന്നു , ഒമാന്റെ പല സര്‍ക്കാര്‍ രേഖകകളും ( പാസ്പോര്‍ട്ട്‌, ലൈസന്സ് , ലേബര്‍ കാര്‍ഡ്‌ തുടങ്ങിയവ ) ആ അച്ചടിശാലയില്‍ ആണ് അച്ചടിച്ചുകൊണ്ടിരുന്നത് . ഞങ്ങള്‍ക്ക് ആര്‍ക്കും അതിനുള്ളില്‍ പ്രവേശനം ഇല്ലായിരുന്നു , ഓരോ റൂമിലും നാല് സെക്യൂരിറ്റി ക്യാമറ വീതം ഉണ്ട് അതുപോലെ അതിനകത്ത് കടക്കണമെങ്കില്‍ പല സെക്യൂരിറ്റി ഡോറുകള്‍ വിരല്‍ വെച്ച് പഞ്ച് ചെയ്തു വേണം പോകാന്‍ . കമ്പനിക്കു ഏറ്റവും കൂടുതല്‍ വരുമാനം ഉള്ളത് അവിടെ നിന്നയിരുന്നതിനാല്‍ അവിടത്തെ ഒരു കാര്യങ്ങള്‍ക്കും മുടക്കം വരാറില്ലായിരുന്നു .

 അവിടുത്തെ വേസ്റ്റ് ഗാര്‍ബെജു ബാഗില്‍ കെട്ടി അതിനു പുറത്തുള്ള ഒരു മുറിയില്‍ ഇട്ടിരിക്കും .ലേബര്‍ കാര്‍ഡ്‌ മുറിച് എടുത്തതിനു ശേഷമുള്ള പ്ലാസ്ടിക്കും, പേപ്പറുകളും ആയിരുന്നു വേസ്റ്റ് . മിക്ക ബാഗുകളും 15 കിലോക്ക് മുകളില്‍ ഭാരം ഉള്ളതാണ് . എല്ലാ വ്യാഴാഴ്ചയും ഞങ്ങളുടെ സെക്ഷനില്‍ നിന്ന് രണ്ടു ആള് പോയി ഇത് ലോഡ് ചെയ്തു മുനിസിപാലിറ്റിയുടെ ഡമ്പിംഗ് ഏരിയയില്‍ കൊണ്ട് പോയി കളയണം ,,


ആ സ്ഥലം നിങ്ങളില്‍ പലരും കണ്ടു കാണില്ല .. അതൊരു നരകമാണ് .. രാവിലെ ഒരു വണ്ടി വന്നു വേസ്റ്റ് ബോക്സ്‌ അതില്‍ തട്ടിയിട്ടു കൊണ്ട് പോകുന്നതെ നിങ്ങള്‍ കണ്ടു കാണുകയുള്ളൂ .. അത് കൊണ്ട് തട്ടുന്ന സ്ഥലത്തിന് കിലോമീറ്റര്‍ മുന്‍പേ തന്നെ ഈച്ചയുടെ ശല്യം തുടങ്ങും ,,
സേഫ്ടി ഗ്ലാസും മാസ്കും വെച്ചേ ഞങ്ങള്‍ അങ്ങോട്ട്‌ പോകാറുള്ളു.
ഞങ്ങളുടേത് പേപ്പര്‍ ആണെങ്കിലും അത് എടുത്തു കളഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ റോഡിലെ വേസ്റ്റ് എടുക്കുന്ന വണ്ടി ഞങ്ങളുടെ അടുത്ത് കൊണ്ട് വന്നു വേസ്റ്റ് തട്ടും ,, പടച്ചവനെ ഒടുക്കത്തെ നാറ്റമാണ് ..

അങ്ങനെ ഒരാഴ്ച അവിടുത്തെ വേസ്റ്റ് എടുക്കാന്‍ തിരക്ക് കാരണം ഞങ്ങളുടെ സെക്ഷനില്‍ നിന്ന് ആള് പോയില്ല . അടുത്ത വ്യാഴാഴ്ച രാവിലെ ആയിട്ടും ആള് ചെല്ലാത്തത് കൊണ്ട് അവര്‍ ഹെഡ് ഓഫീസില്‍ പരാതി പറഞ്ഞു , അവിടെ നിന്ന് മിസൈല്‍ പോലെ ഫാക്സ് ഞങ്ങളുടെ സെക്ഷന്‍ ഓഫീസില്‍ വന്നു , ഒരു മണിക്കൂറിനകം പ്രസ്സിലെ വേസ്റ്റ് എടുത്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന് കാണിച്ചു കൊണ്ട് . കാരണം ആ മുറി നിറഞ്ഞിരുന്നു അവര്‍ക്ക് വേസ്റ്റ് ഇടാന്‍ സ്ഥലമില്ല . രണ്ടു ആഴ്ചത്തെ വേസ്റ്റ് ആയതിനാല്‍ സാധാരണ ഗതിയില്‍ നാല് ആളിന്റെ ജോലി ഉണ്ട് .


 ഞങ്ങളുടെ സെക്ഷനില്‍ നിന്ന് നാല് ആള്‍ ഒഴികെ ബാകി എല്ലാരും സൈറ്റില്‍ പോയി . ഒന്ന് ഞാന്‍ , പിന്നെ ഒരു മഷീന്‍ ഓപ്പറേറ്റര്‍ , ഒരു ഒമാനി എലെക്ട്രീശന്‍ (നിയമം കൊണ്ട് മാത്രം കയറിപറ്റിയവന്‍ ), ഒരു സീനിയര്‍ വെല്‍ഡര്‍ .. ഓഫീസില്‍ മാനേജരും സെക്രട്ടെരിയും മാത്രം , അങ്ങനെ ഞങ്ങളെ നാല് പേരെയും ഓഫീസിലേക്ക് വിളിച്ചു മനജേര്‍ .


 എന്നിട്ട് കാര്യം പറഞ്ഞു , നിങ്ങളില്‍ ആരെങ്കിലും രണ്ടു പേര്‍ പോകണമെന്ന് , ഒമാനി പറഞ്ഞു " അന കഹ്രബായി ഹാദാ മാഫി ശുകില്‍ മല്‍ അന " (ഞാന്‍ ഇലക്ട്രീഷന്‍ ആണ് ഇതെന്റെ ജോലി അല്ല )
അടുത്തത് മഷീന്‍ ഓപ്പറേറ്റര്‍ പറഞ്ഞു വര്‍ക്ഷോപ്പിന്റെ പുറത്തു ഞാന്‍ പണിക്കു പോകില്ല , അടുത്തത് സീനിയര്‍ വെല്ടെര്‍ പറഞ്ഞു 22 വര്‍ഷത്തെ പരിചയമുള്ള ഞാന്‍ ഈ പണിക്കു പോകില്ല , എന്നോടെ ചോദിച്ചില്ല കാരണം ഒറ്റയ്ക്ക് പോയാല്‍ തീരില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ . മനജേരും സെക്രട്ടറിയും തമ്മില്‍ മുഖാമുഖം നോക്കി ദയനീയ നോട്ടം , ഞാന്‍ അങ്ങോട്ട്‌ പറഞ്ഞു സാര്‍ ഞാന്‍ പോകാം , അയാള്‍ ചോദിച്ചു അത് രണ്ടു ആഴ്ച്ചതെത് ആണ് നീ ഒറ്റക് മതിയാകില്ല , ഞാന്‍ പറഞ്ഞു സാര്‍ വേറെ പോംവഴി ഇപ്പോള്‍ ഇല്ല , അത് കൊണ്ട് ഞാന്‍ ഒറ്റയ്ക്ക് ശ്രെമിച്ചു നോക്കാമെന്ന് പറഞ്ഞു .


 അങ്ങനെ ഒരു 4 ടണ്‍ വണ്ടിയും ഒരു ഒമാനി ഡ്രൈവറെയും എന്റെ കൂടെ വിട്ടു , ഒമാനി വണ്ടി കൊണ്ട് പ്രസ്സില്‍ പാര്‍ക്ക് ചെയ്തു ഇപ്പൊ വരാമെന്ന് പറഞ്ഞു എങ്ങോട്ടോ പോയി ,, സാധാരണ രണ്ടു പേര്‍ ഉണ്ടെങ്കില്‍ ഒരാള്‍ താഴെ നിന്ന് വണ്ടിയില്‍ ഇട്ടു തരും മറ്റേ ആള്‍ വണ്ടിയിട് മുന്നിലോട്ടു കൊണ്ട് പോയി ഇടും , അന്ന് ഞാന്‍ തന്നെ കുറച്ചു വണ്ടിയില്‍ ഇടും ,ഞാന്‍ തന്നെ മുകളില്‍ കയറി ഒതുക്കി വെക്കും , അങ്ങനെ ഇറങ്ങിയും കയറിയും രണ്ടു മണിക്കൂര്‍ കഠിന പ്രയത്നത്തിനു ശേഷം മൊത്തം ലോഡ് ചെയ്തു , എന്നിട്ട് തിരികെ എന്റെ സെക്ഷനില്‍ പോയി മനജേരെ കണ്ടു കാര്യം പറഞ്ഞു , മാത്രമല്ല അത് കളയുന്നിടത് പൈസ കൊടുക്കണം , അങ്ങനെ മാനേജര്‍ സന്തോഷം കൊണ്ട് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു കൂടെ പൈസയും ,,, അങ്ങനെ ഞാന്‍ അത് കളയാനായി ഡമ്പിംഗ് സ്ഥലത്തേക്ക് പോയി .


 ഞാന്‍ ഒറ്റക്കെ ഉള്ളു സാധരണയെക്കള്‍ സമയം എടുക്കും അവിടെ അണ്‍ ലോഡ് ചെയ്യാന്‍ മാസ്ക് വെച്ച് പണി തുടങ്ങി എങ്കിലും അവിടുത്തെ നാറ്റം മാസ്കും തുളച്ചു കയറിയിരുന്നു , കഴിയുന്നത്ര വേഗത്തില്‍ പണി തീര്‍ത്തു അവിടെ നിന്ന് ജീവനും കൊണ്ടോടി .. തിരികെ കമ്പനിയില്‍ എത്തിയപ്പോഴേക്കും ഒരു മണി ആയി വിശന്നിട്ടു വയറു കത്തുന്നു .
മനജേര്‍ പറഞ്ഞു ഇന്നത്തേക്ക് ഇത്ര മതി പോയി ഫ്രഷ്‌ ആയി ആഹാരം കഴിച്ചു റസ്റ്റ്‌ എടുത്തോ എന്ന് പറഞ്ഞു ,, ഞാന്‍ അങ്ങനെ ആഹരം കഴിച്ചു റൂമില്‍ കിടന്നു ക്ഷീണം കാരണം ഒന്ന് മയങ്ങി , വൈകിട്ടായപ്പോള്‍ റൂമില്‍ ഒരു ബഹളവും അലര്‍ച്ചയും കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് .

സൈറ്റില്‍ പോയി വന്നവര്‍ ഞാന്‍ ഒറ്റയ്ക്ക് വേസ്റ്റ് കളയാന്‍ പോയത് അറിഞ്ഞുള്ള പ്രശ്നമായിരുന്നു . എന്നോടെ ചോദിച്ചു നീ എന്തിനാ ഒറ്റയ്ക്ക് കളയാന്‍ പോയത് ( അത് സ്നേഹം കൊണ്ടായിരുന്നില്ല ) നാളെ ഞങ്ങളെയും ഒറ്റയ്ക്ക് പറഞ്ഞു വിടില്ലേ . ഞാന്‍ പറഞ്ഞു ആ സമയം ഞാന്‍ പോയില്ലെങ്കില്‍ ആകെ പ്രശ്നം ആകുമായിരുന്നു , അതൊന്നും അവര്‍ കേട്ടില്ല വായില്‍ തോന്നിയത് അവര്‍ വാ കഴക്കുന്നത് വരെ പറഞ്ഞു , ഞാന്‍ മിണ്ടാതെ നിന്ന് കേട്ട് കാരണം രണ്ടു കയ്യി കൊട്ടിയാലല്ലേയ് ശബ്ദം കേള്‍ക്കുകയുള്ളൂ ..


 അന്ന് വെള്ളമടി സമയത്തെ പ്രധാന വിഷയം ഞാന്‍ ആയിരുന്നു , എന്തൊക്കെയോ പറഞ്ഞു ഞാന്‍ ചെവി കൊടുത്തില്ല . വെള്ളമടി കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യവും കൂടെ പറയണം എന്ന് തോന്നിയത് ,, പതിനാറു ആളുകള്‍ ഉള്ള റൂമില്‍ ഞാനും വേറെ രണ്ടുപേരും ഒഴികെ ബാക്കി പതിമൂന്നു ആളും നല്ല വെള്ളമടിയാണ്. കാശ് ഉള്ളപ്പോള്‍ അവര്‍ നല്ല സാധനങ്ങള്‍ വാങ്ങി കുടിക്കും ഇല്ലാത്തപ്പോള്‍ , ഒമാനിലെ മിക്ക സൂപ്പര്‍ മാര്കെട്ടുകളിലും കിട്ടും ഈഗിള്‍ എന്നാ പേരില്‍ ഒരു സാധനം സാധാരണ ഇത് ടോയിലെറ്റ് കഴുകാനാണ് ഉപോയോഗിക്കുന്നത് . വില വളരെ കുറവാണ് ഇതൊരെണ്ണവും ഒരു പെപ്സിയും കൂടെ വാങ്ങിയാല്‍ മൂന്നു ആളിന് സുഖമായി പാമ്പാകം .. വിലയോ പത്തിലൊന്ന് മാത്രമേ ആകുന്നുള്ളൂ ,


 വെള്ളിയാഴ്ച മുഴുവന്‍ സമയവും കുടിക്കുന്ന ചിലര്‍ക്ക് ശനിയാഴ്ച രാവിലെ തല പൊങ്ങില്ലയിരുന്നു, അവര്‍ സുഖമില്ലന്നു പറഞ്ഞു കിടന്നു ,ഹെഡ് ഓഫീസില്‍ നിന്ന് ഇ കാര്യം ശ്രദ്ദിക്കാന്‍ തുടങ്ങി ശനിയാഴ്ച മാത്രം ചിലര്‍ ആബ്സേന്റ്റ് , ഒടുവില്‍ പുതിയ മെമോ വന്നു വ്യാഴമോ ശനിയോ ആരെങ്കില്‍ കാരണം ഇല്ലാതെ ആബ്സേന്റ്റ് ആയാല്‍ മൂന്നു ദിവസത്തെ ശമ്പളം കട്ട് ചെയ്യും . ചിലര്‍ എന്നിട്ടും കിടന്നു കമ്പനി ശമ്പളം കട്ട് ചെയ്തു , അവര്‍ ആ മാസം കട്ടിംഗ് കഴിഞ്ഞു കിട്ടിയ പൈസ കള്ളിന്റെ അക്കൌന്റ് തീര്‍ത്തു കഴിഞ്ഞപ്പോള്‍ മെസ്സിന് കൊടുക്കാന്‍ ഇല്ലാത്ത അവസ്ഥ ആയി . ഗള്‍ഫില്‍ ഒരാള്‍ നന്നാവണമെങ്കില്‍ അവനവന്‍ സ്വയം വിചാരിക്കണം അല്ലാതെ ഒരു രക്ഷയും ഇല്ല


 അപ്പോഴേക്കും ഒമാനില്‍ എന്റെ നീണ്ട മൂന്നു വര്ഷം പൂര്‍ത്തിയായി , ആ ഗ്രൂപ്പ്‌ ഓഫ് കംപനീസില്‍ പുറത്തെ വിസക്കാരന്‍ ഞാന്‍ മാത്രം ആയി , ഇടക്ക് ഒരു ലേബര്‍ ചെക്കിംഗ് ഉണ്ടായത് കാരണം ( വേറെ സെക്ഷനില്‍ ) പുറത്തെ വിസക്കാരെ എല്ലാപേരെയും പിരിച്ചു വിടാന്‍ എം ഡി ഉത്തരവിട്ടു. മനജെരുടെയും ഫോര്മാന്റെയും ശക്തമായ ശുപാര്‍ശ കാരണം എന്നെ മാത്രം തുടരാന്‍ അനുവദിച്ചു , എന്റെ ആത്മാര്തതക്ക് കമ്പനി തന്ന അംഗീകാരം .. അങ്ങനെ എന്റെ ഗള്‍ഫ്‌ ജീവിതം പൊയ്ക്കൊണ്ടിരിക്കുംപോള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ഉണ്ടായി ..ഓര്‍ക്കുമ്പോള്‍ എനിക്ക് ഇന്നും പേടിയും ഞെട്ടലും ആണ് ....



തുടരും...












ഗള്‍ഫ്‌ ജീവിതം : രണ്ടാം ഭാഗം






ഗള്‍ഫില്‍ എന്നെ അമ്പരപ്പിച്ച കാഴ്ചകളില്‍ ഒന്നായിരുന്നു ചീറിപ്പായുന്ന വാഹന നിരകള്‍ .. നാട്ടില്‍ വെച്ച് എനിക്കുള്ള ഒരു ഹോബി ആയിരുന്നു പുതുതായി ഇറങ്ങുന്ന വണ്ടികളെ കുറിച്ച് അറിയുക അതിന്റെ മോഡല്‍ പ്രത്യേകതകള്‍ ഒക്കെ മനസിലാക്കുക ...എണ്ണിയാല്‍ ഒടുങ്ങാത്ത മോഡലുകളും പല കമ്പനികളുടെ വാഹനങ്ങളെയും കണ്ടപ്പോള്‍ ആ ശ്രമം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു ..
വാപ്പചിയും കൊചാപ്പയും മാമയുമൊക്കെ സിറ്റിയില്‍ താമസിക്കുന്നുണ്ടെങ്കിലും പോയി വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇന്‍ഡസട്രീയല്‍ ഏരിയയില്‍ ഉള്ള കമ്പനി അക്കൊമഡേഷനില്‍ തന്നെ ഞാന്‍ താമസിച്ചു . അങ്ങനെ പതിനാറു ആളുകളുള്ള ഒരു മുറിയില്‍ ആയിരുന്നു ആദ്യമായി എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത്. സാമാന്യം വലിയ മുറി രണ്ടു ശീതീകരണ യന്ത്രം പതിനാറു ആളു ഉണ്ടെങ്കിലും വലിയ ബുധിമുട്ടയി തോന്നിയില്ല . പിന്നെ ദൈവാനുഗ്രഹം കൊണ്ട് പതിനാറു ആളും മലയാളികള്‍ ആയിരുന്നു അതുകൊണ്ടുള്ള ഒരു ഗുണം അടുത്ത മുറി കണ്ടപ്പോഴാണ് മനസ്സിലായത്.

 ആ മുറിയില്‍ പഞ്ചാബി, ബംഗാളി , ആന്ധ്രാപ്രദേശ്‌ ,ബാന്ഗ്ലൂര്‍ , പാക്കിസ്ഥാന്‍ ,മഹാരാഷ്ട്ര ഇത്രയും നാടുകളിലെ ആളുകളുടെ ഒരു കോക്ക്ടയല്‍ മുറി ആയിരുന്നു .ഇതിന്റെ ബുദ്ധിമുട്ട് എന്താണന്നല്ലേ വേറെ ഒന്നുമല്ല ,നമ്മളെ പോലെ തേങ്ങ എണ്ണ അല്ല അവര്‍ തലയില്‍ തേക്കുന്നത് ഓരോരുത്തര്‍ക്കും പ്രത്യേക എണ്ണ , ശീതികരണ യന്ത്രമുള്ളിടത് അതിന്റെ മണം കൂടുതല്‍ ആയിരിക്കും മണം എന്ന് പറഞ്ഞാല്‍ ഒരു അവിഞ്ഞ മണം ഇത് മുറിയുടെ കാര്യം . ഇനി പറയുന്നതു ഭോജന ശാല ഇങ്ങനെയൊന്നും ആരും പറയില്ല മെസ്സ് എന്ന് പറയും .

ഞങ്ങളുടെ കമ്പനി ഒരു പാച്ചകക്കരനെയും ഒരു സഹായിയെയും വെച്ചിട്ടുണ്ട് ,ഗ്യാസും അവരുടെ ശമ്പളവും കമ്പനി കൊടുക്കും സാധനം വാങ്ങി പാചകം ചെയ്തിട്ട് മാസാവസാനം അത് ഭാഗിച്ചു ഓരോരുത്തരുടെ വിഹിതം അവരവര്‍ കൊടുക്കണം പാചകക്കാരന്‍ തമിഴനും സഹായി മലയാളിയും ആയിരുന്നു അവര്‍ തന്നെയാണ് മെസ്സ് നടത്തിയിരുന്നതും. പ്രാതലിന് അഞ്ചു ദിവസം ചപ്പാത്തി ,ഒരു ദിവസം സായിപ്പിന്റെ ആഹാരം ബ്രെഡും ജാമൂം പിന്നെ ഓംലെട്ടും , വെള്ളിയാഴ്ച സാള്‍ട്ട് മാങ്ഗോ ട്രീ ( ഉപ്പുമാവ് ). രാവിലെ ഏഴു മണിക്കു ജോലിക്കിറങ്ങണം അതിനു മുന്‍പ് ആണ് പ്രാതല്‍ കഴിക്കേണ്ടത് , രാവിലെ ഏഴു മണിക്ക് മുന്‍പ് ഞാന്‍ എന്നല്ല മിക്ക മലയാളികളും ചപ്പാത്തി കഴികാറില്ല മനപ്പൂര്‍വ്വം അല്ല കഴിച്ചാല്‍ ഇറങ്ങില്ല (അതിന്റൊപ്പം കറി ഉണ്ടാകും കടലയോ , ഡാലോ, പയറുകറിയോ ഉണ്ടാകും ,എന്തായാലും കൂടെ ഉള്ളത് ചപ്പാത്തി ആണല്ലോ ).


 ഉച്ചക്ക് പിന്നെയും കുഴപ്പമില്ല ഒന്നുകില്‍ മീന്‍ കറി അല്ലെങ്കില്‍ ഫ്രൈ കൂടുതലും നമ്മുടെ പരമ്പരാഗത മല്‍സ്യം തന്നെയാണ് മത്തി .കൂടെ സാമ്പാര്‍ ,അല്ലെങ്കില്‍ മോര് കറി കൂടെ ഒരു തോരന്‍ എന്തെങ്കിലും കാണും പിന്നെ ദേശീയ കറി ആയ ഡാല്‍ മൂന്നു നേരവും ഉറപ്പായിട്ടു കാണും ഇല്ലെങ്കില്‍ വടക്കേ ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നം ഉണ്ടാക്കും. ഇത് കണ്ടാല്‍ തോന്നും ഇവനൊക്കെ ജനിച്ചത്‌ തന്നെ ഡാല്‍ തിന്നാന്‍ വേണ്ടി ആണോ എന്ന് . പിന്നെ രാത്രി ചിക്കെന്‍ ,ബീഫ്‌ ,മുട്ടകറി ഇതിലേതെങ്കിലും ഒന്നായിരിക്കും ഇത്രയും പറയാന്‍ കാരണം ഇ തരുന്ന ആഹാരത്തിന്റെ പൈസ അല്ല ഞങ്ങളില്‍ നിന്ന് വാങ്ങിയിരുന്നത് ഒരുപാട് കൂടുതല്‍ ആയിരുന്നു.


 പലപ്പോഴും ഉമ്മച്ചിയും കുഞ്ഞുമ്മമാരും ആഹാരം ഉരുളയാക്കി വായില്‍ വെച്ച് തരുന്നത് ഓര്‍ത്തു വിഷമം വന്നിട്ടുണ്ട് ..അപ്പൊ നിങ്ങള്‍ ചോദിക്കും അത്ര വലുതായിട്ടും ഉരുള ഉരുട്ടി തരുമായിരുന്നോ എന്ന് ..അതെ വീട്ടിലെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ എനിക്കും അവര്‍ തരുമായിരുന്നു കാരണം ഞാന്‍ അവര്‍ക്ക് കുട്ടി തന്നെയായിരുന്നു എന്റെ ഉമ്മചിയുടെ സഹോധരങ്ങല്‍ക്കിടയിലും വാപച്ചിയുടെ സഹോധരങ്ങല്‍ക്കിടയിലും മൂത്ത കുട്ടി ഞാന്‍ ആയിരുന്നു ആ ഒരു വാല്‍സല്യം ഇപ്പോഴും ഉണ്ട് താനും ..അങ്ങനെ ഗള്‍ഫ്‌ ജീവിതം മുന്നോട്ടു പോകുന്നതിനിടക്ക് .....




തുടരും...




ഗള്‍ഫ്‌ ജീവിതം ..ഒന്നാം ഭാഗം








അത്യാവശ്യം സ്കൂളിലും ഐ റ്റി ഐ ലും ഒക്കെ പോയി ഗള്‍ഫ്‌ പ്രതീക്ഷയുമായി ഇരുന്ന എന്നെ തേടിയും വന്നു പ്രവാസി ആകാനുള്ള കടലാസ് .... എയര്‍ പോര്‍ട്ടില്‍ നിന്ന് പെട്ടികളും വെച്ച് ട്രോളിയും തള്ളി വരുന്ന വാപ്പചിയുടെയും കുടുംബക്കാരുടെയും ചിത്രങ്ങള്‍ ആയിരുന്നു എന്റെ മനസ്സില്‍ ഗള്‍ഫ്‌ എന്ന് കേള്‍ക്കുമ്പോള്‍... ദിവസങ്ങളായി കാത്തു നിന്നു കണ്ട പെണ്ണിനോട് ഇഷ്ടം പറയാം എ...ന്ന് കരുതിയ ദിവസങ്ങളില്‍ ആണ് പറയാന്‍ സാധിക്കാതെ പത്തൊന്‍പതാം വയസ്സില്‍ ഞാനും വിമാനം കയറി (പില്‍ക്കാലത്ത്‌ അവളെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ ഒരു തമാശ രൂപേണ അവളോട്‌ ഞാന്‍ ആ കാര്യം പറഞ്ഞു .എന്ത് കൊണ്ട് അന്ന് പറഞ്ഞില്ല എന്നുള്ള ചോദ്യം എന്റെ ഹൃദയത്തില്‍ ഒരു അമ്പ്‌ തറക്കുന്ന വേദന ഉണ്ടാക്കി )

ഞാന്‍ ആദ്യം മസ്കറ്റില്‍ എത്തിയത് ഒരു ഫ്രീ വിസയില്‍ ആയിരുന്നു (ഫ്രീ വിസ എന്തെന്ന് അറിഞ്ഞു കൂടാതവര്ക്ക് : നമ്മള്‍ കാശ് കൊടുത്തു വിസ വാങ്ങി അവിടെ എത്തി സ്വന്തമായി ജോലി കണ്ടുപിടിച്ചു ചെയ്യണം , വര്ഷം തോറും അറബിക്ക് ഒരു നിശ്ചിത തുക കൊടുക്കുകയും വേണം ) നാട്ടിലെ എഴുപത്തിയയ്യയിരം രൂപ കൊടുത്താണ് ഞാന്‍ വിസ വാങ്ങിയത് , അവിടെ എത്തി ഒരു വര്ഷം കഴിഞ്ഞു ലേബര്‍ കാര്‍ഡ്‌ പുതുക്കാന്‍ വിസ തന്ന ആളെ സമീപിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത് എനിക്ക് തന്ന വിസ കള്ളാ വിസ ആയിരുന്നു .ഒരു അറബി അയാള്‍ ജോലി ചെയ്യുന്ന കോളേജിന്റെ സീലും സൈനും മോഷ്ടിച്ച് ഇഷ്യൂ ആക്കിയ മുപ്പതു വിസകളില്‍ ഒന്നായിരുന്നു എന്റേത് .

ഒന്നുകില്‍ പോലീസിനു പിടികൊടുത്തു തിരിച്ചു നാട്ടില്‍ പോകുക ,അല്ലെങ്കില്‍ ചാടി നിന്ന് പണി എടുക്കുക .75000 രൂപ കൊടുത്തു വന്നത് കൊണ്ട് ഉടന്‍ നാട്ടില്‍ പോകാന്‍ മനസ്സ് വന്നില്ല ,ചാടി നിന്ന് പണി എടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .അങ്ങനെ നൂറു റിയാല്‍ ശമ്പളത്തില്‍ ഒരു കമ്പനിയില്‍ വെല്‍ഡര്‍ ആയി ഞാന്‍ ജോലി ആരംഭിച്ചു ... പാര വെയ്പ്പ് എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍ ആയിരുന്നു അത് ..അവിടെ ഉണ്ടായിരുന്ന ഹെല്‍പ്പര്‍മാര്‍ എല്ലാരും എന്നേക്കാള്‍ ഒരുപാട് വയസ്സിനു മുതിര്‍ന്നവര്‍ ആയിരുന്നു അറുപതു മുതല്‍ എണ്പതു വരെ ആയിരുന്നു അവരുടെ ശമ്പളം .. ഇന്നലെ വന്ന പയ്യന്‍ നൂറു റിയല്‍ ശമ്പളം വാങ്ങുന്നു എന്നത് അവര്‍ക്ക് ആലോസരമുണ്ടാക്കി ..ഒമാനില്‍ പൊതുവെ ശമ്പളം കുറവാണ് ഒരു ഒമാനിയുടെ മിനിമം ശമ്പളം ആ കാലത്ത് നൂറ്റി ഇരുപതു റിയാല്‍ ആയിരുന്നു ...


 എന്റെ പണിയുടെ ആത്മാര്ത്തത കൊണ്ട് എന്റെ ലേബര്‍ കാര്ഡ്ന‌ തീര്ന്നി ട്ടും ആ കമ്പനി എന്നെ പറഞ്ഞു വിട്ടില്ല ,തുടര്ന്ന് ജോലി ചെയ്യുവാന്‍ അനുവാദം തന്നു . അങ്ങനെ എന്റെതല്ലാത്ത കാരണം കൊണ്ട് ഞാന്‍ അനധികൃത താമസക്കാരന്‍ ആയി . മാസം നാട്ടില്‍ പണമയക്കണമെങ്കില്‍ വാലിഡ്‌ ഐ ഡി ഉള്ള ആരുടെയെങ്കിലും കാലു പിടിക്കണം .
ശരിക്കും വിഷമിച്ച ഒരു ഗള്ഫ്ആ‌ ജീവിതം .കിടക്കുന്ന റൂമില്‍ പതിനാറു ആളുകള്‍ ഡബിള്‍ കട്ടില്‍ ആയിരുന്നു , അതില്‍ എനിക്ക് കിട്ടിയത് മുകളിലത്തേത് ആയിരുന്നു , ഞാന്‍ ഓരോ പ്രാവശ്യം കയറുമ്പോഴും താഴെ കിടന്ന പാവം കണ്ണൂര്ക്കാരന്‍ ചന്ദ്രന്‍ ചേട്ടന് ഭൂമി കുലുങ്ങുന്ന ഫീലിംഗ് ആയിരുന്നു ,ഒടുവില്‍ സഹി കേട്ട് പുള്ളി ഒരു ക്ലാമ്പ്‌ ഉണ്ടാക്കി ഞങ്ങളുടെ കട്ടില്‍ ചുവരുമായി ഉറപ്പിച്ചു .അതിനു ശേഷമാണ് പുള്ളി മര്യാദക്ക് ഉറങ്ങിയത് ,പതിനാറു ആളു ഉള്ളത് കൊണ്ട് റൂമില്‍ ഇപ്പോഴും ആരെങ്കിലും ഒക്കെ കാണുമായിരുന്നു ,എന്തെങ്കിലും സംസാരിക്കാന്‍ . അങ്ങനെ പ്രവാസി ജീവിതം ചില്ലറ പ്രശ്നങ്ങളും സന്തോഷങ്ങളും ആയി പോയ്കൊണ്ടിരിക്കുമ്പോള്‍ ..

തുടരും...