Monday, February 25, 2013

ഗള്‍ഫ്‌






 






ഗള്‍ഫ്‌ എന്ന് പറയുന്നത് ദുഃഖങ്ങള്‍ മാത്രമോ സുഖങ്ങള്‍ മാത്രമോ ഉള്ള ഒരു സ്ഥലം അല്ല മറിച്ച് ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് യഥാര്‍ത്ഥ ഗള്‍ഫ്‌ . മെച്ചപെട്ട ജീവിതം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഭൂരിഭാഗം ആളുകളും ഗള്‍ഫിലേക്ക് പറക്കുന്നത് ...പക്ഷെ ലഭിച്ച ജീവിത നിലവാരത്തിലും ജോലിയിലും സംതൃപ്തര്‍ ആയവര്‍ ചുരുക്കം ചില പേര്‍ ... വയര്‍ നിറഞ്ഞാല്‍ ആഹാരം ഒഴികെ വേറെ ഒന്നിനും മതി എന്ന് പറയാന്‍ പഠിക്കാത്ത മനുഷ്യ സമൂഹം തന്നെയാണ് ഗള്‍ഫിലും ജോലിക്കായി എത്തീട്ടുള്ളത് , നല്‍കിയിട്ടുള്ള ജീവിത സൌകര്യങ്ങള്‍ എപ്പോഴും നമുക്ക് മുകളില്‍ ഉള്ളവരുമായി തട്ടിച്ചു നോക്കി തൊഴില്‍ ദാതാവിനെ ചീത്ത പറയുകയും പ്രാകുകയും ചെയ്യുന്ന ഒരു കൂട്ടം ഉള്ളപ്പോള്‍ തന്നെ പറഞ്ഞ വാക്കുകള്‍ ഒന്നും പാലിക്കാത്ത തൊഴില്‍ ദാതാക്കളും മറുവശത്ത് ഉണ്ട് .

ബുര്‍ജ്‌ ഖലീഫയില്‍ സ്വന്തമായി ഫ്ലാറ്റ്‌ ഉള്ള ഇന്ത്യക്കാരും ഗള്‍ഫില്‍ ഉണ്ട് അത് പോലെ തന്നെ ജ്യൂസ് പാര്‍ലറുകളില്‍ ബുര്‍ജ്‌ ഖലീഫ എന്ന് പേരിട്ടിരിക്കുന്ന ഒരു ജ്യൂസ് വാങ്ങി കുടിക്കാന്‍ കഴിയാത്തവനും ഈ ഗള്‍ഫില്‍ ഉണ്ട് . വ്യാഴാഴ്ച രാത്രി ലഹരി നുണയുവാന്‍ മുന്തിയ ഡാന്‍സ്‌ ബാറുകളില്‍ പോയിരുന്നു ആസ്വധിക്കുന്നവരും ഉണ്ട് അതെ സമയം കക്കൂസ് കഴുകാന്‍ ഉപയോഗിക്കുന്ന അമൂല്‍ എന്നോ അല്ലെങ്കില്‍ ഈഗിള്‍ എന്നോ ഓമന പേരിട്ടു വിളിക്കുന്ന ആ ലഹരി ഒരു മൌണ്ടന്‍ ഡ്യൂവോ പെപ്സിയോ ചേര്‍ത്ത് കുടിച്ചു ടി വി യിലെ ഐറ്റം ഡാന്‍സ്‌ കണ്ടു തൃപ്തി അടയുന്നവരും ഉണ്ട് ഈ ഗള്‍ഫില്‍ .

വിശക്കുമ്പോള്‍ ഡ്രൈവ് ഇന്‍ വഴി കയറി വണ്ടിയില്‍ തന്നെ ഇരുന്നു മാക്‌ ടോനല്സിലെ സാന്ഡ് വിച്ച് കഴിക്കുന്നവരും ഉണ്ട് , മാസത്തില്‍ ഒരിക്കല്‍ ശമ്പളം കിട്ടുമ്പോള്‍ അന്നൊരു നല്ല ഹോട്ടലില്‍ കയറി നല്ല ആഹാരം കഴിക്കണം എന്ന് ചിന്തിക്കുന്നവരും ഉണ്ട് ഗള്‍ഫില്‍ ( ഈ രണ്ടു രീതിയും അറിഞ്ഞവന്‍ ആണ് ഞാന്‍ ).. ശീതീകരിച്ച കാറുകളില്‍ ചീറി പായുന്നവരും ഉണ്ട് ഏസി കണ്ടു പിടിക്കും മുന്നേ ഉള്ളത് എന്ന് തോന്നിക്കുന്ന ബസ്സുകളില്‍ ചൂടുകാലങ്ങളില്‍ ചൂള പുരയില്‍ വെച്ച പഴം പോലെ ഉരുകി യാത്ര ചെയ്യുന്നവരും ഉണ്ട് .

ഷെയര്‍ മാര്‍ക്കെറ്റുകളില്‍ നിന്ന് ഷെയറുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നവരും ഉണ്ട് അതെ പോലെ തന്നെ മറ്റുള്ളവര്‍ കുടിച്ച് കളഞ്ഞ പെപ്സി ബോട്ടിലുകള്‍ ഒരു കിലോ തികക്കാന്‍ വേണ്ടി ഉള്ള എണ്ണത്തിന് ചവറു കൂമ്പാരങ്ങില്‍ പരതുന്നവരും ഉണ്ട് .ആഴ്ച്ചവസാനങ്ങള്‍ കുടുംബ സുഹൃത്തുക്കളുമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു കുശലം പറഞ്ഞു തീര്‍ക്കുന്നവരും ഉണ്ട് നിറ കണ്ണുകളോടെ കുടംബത്തിന്റെ ഫോട്ടോ നോക്കി നെടുവീര്‍പ്പിട്ടു തീര്‍ക്കുന്നവരും ഉണ്ട് .

ആഴ്ചയില്‍ രണ്ടു ദിവസം അവധി ഉള്ളവരും ഉണ്ട് വന്നതിനു ശേഷം അവധി എന്താന്നു അറിയാത്തവരും ഉണ്ട് . ജോലി ചെയ്യുന്ന രാജ്യം മുഴുവന്‍ കണ്ടു ആസ്വദിച്ചവരും ഉണ്ട് റൂമിലേക്കും തിരികെ ജോലി സ്ഥലത്തേക്കും മാത്രം പോകാനും വരാനും മാത്രം അറിയുന്നവരും ഉണ്ട് .. സനഹിയ അഥവാ ഇന്ടസ്ട്രിയല്‍ ഏരിയ ഒരിക്കലും കാണാത്തവരും ഉണ്ട് നാട്ടില്‍ പോകുമ്പോഴും വരുമ്പോഴും അല്ലാതെ സനഹിയ മാത്രമേ കണ്ടിട്ടുള്ളവരും ഉണ്ട് . തന്നാല്‍ ആകുന്നതു മറ്റുള്ളവര്‍ക്ക് സഹായിക്കുന്നവരും ഉണ്ട് അത് പോലെ തന്നെ മറ്റുള്ളവനെ എങ്ങനെ പാര വെച്ച് പുറത്തു ചാടിക്കാം എന്നതില്‍ ബിരുദാനന്തര ബിരുദം എടുതവരും ഉണ്ട് .

ഒരിക്കലും ഒരാളുടെ ജീവിതം കണ്ടിട്ട് ഇങ്ങോട്ട് വരരുത് കാരണം പലര്‍ക്കും ലഭിക്കുന്ന സൌഭാഗ്യങ്ങളും കഷ്ടതകളും പല രീതിയില്‍ ഉള്ളതാകും .... ഗള്‍ഫ്‌ എന്നാല്‍ കഷ്ടപ്പാട് മാത്രം ഉള്ളതുമല്ല അത് പോലെ സുഖം മാത്രം ഉള്ളതുമല്ല


ഷാനു ബിന്‍ മുഹമ്മദ്‌ ഹനീഫ
 

No comments:

Post a Comment